നവജാത ശിശുക്കൾ രാത്രിയിൽ ഇടക്കിടെ ഉറക്കമുണരുന്നതിനുള്ള കാരണങ്ങൾ

നവജാത ശിശുക്കൾ രാത്രിയിൽ  ഇടക്കിടെ ഉറക്കമുണരുന്നത് സാധാരണയായി എല്ലായിടത്തും സംഭവിക്കുന്ന കാര്യമാണ്. ഇതിൽ ചില കുഞ്ഞുങ്ങൾ നിങ്ങൾ മടിയിൽ കിടത്തുന്ന സമയം അവിടെ കിടന്ന് ഉറങ്ങുമെങ്കിലും ബെഡിലേക്ക് കിടത്താൻ ശ്രമിക്കുന്ന നിമിഷം തന്നെ ഞെട്ടി എഴുന്നേൽക്കുന്നതും കാണാം. ഇതിൽ പരിഭ്രമിക്കേണ്ടതായി ഒന്നുമില്ല, പകരം രാത്രിയിൽ അവർക്ക് സുഖമമായ ഉറക്കം ഉണ്ടാകാനുള്ള  ഉപായങ്ങൾ കണ്ടു പിടിക്കുകയാണ് വേണ്ടത്.

സാധാരണയായി കുഞ്ഞുങ്ങൾ രാത്രിയിൽ കൂടുതൽ തവണ ഉറക്കമുണരുന്നതിന് പിന്നിൽ പല കാരണങ്ങളും ഉണ്ടാകാറുണ്ട്. പകൽ സമയം തന്നെ ഒരു ദിവസത്തേക്കാവശ്യമായ ഉറക്കം പൂർത്തീകരിക്കുക, രാത്രിയിൽ വിശക്കുക, ശാരീരികവും മാനസികവുമായ വികാസ പ്രവർത്തനങ്ങൾ , അതുമല്ലെങ്കിൽ കുഞ്ഞുങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുക, ഏതെല്ലാമാണ് സാധാരണയായി അവർ രാത്രിയിൽ നിരന്തരം ഉറക്കമുണരുന്നതിനുള്ള കാരണങ്ങൾ.

അതിനാൽ താഴെ കുറച്ച പരിഹാര മാർഗ്ഗങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. ഇവയുടെ സഹായത്തോടെ നിങ്ങൾക്ക് സ്വന്തം കുഞ്ഞിനെ കൂടുതൽ ഉറക്കം ലഭിക്കാൻ സഹായിക്കാവുന്നതാണ്.

കുഞ്ഞുങ്ങൾ എന്തുകൊണ്ട് രാത്രിയിൽ നിരന്തരം ഉറക്കമുണരുന്നു ?

സാധാരണയായി ഇതിന് കാരണമായ വിഷയങ്ങൾ താഴെ നൽകിയിരിക്കുന്നു.

നാപ്പി നനയുന്നതുമൂലം

ഈയൊരു പ്രായത്തിൽ കുഞ്ഞുങ്ങൾ ഇടക്കിടെ മൂത്രമൊഴിക്കുന്നത് പതിവാണ്. ഇത് മൂലം നാപ്പിയിൽ മൂത്രത്തിൻ്റെ നനവ് പടരുന്നു. എന്നാൽ കുഞ്ഞുങ്ങൾക്ക് നനവുള്ള നാപ്പി ധരിച്ച കിടക്കുക എന്നത് വളരെ അധികം അരോചകമായ ഒന്നാണ്. ഇത് അവർ ഉറക്കമുണരാനും, കരച്ചിൽ തുടങ്ങുന്നതിനും കാരണമാകുന്നു.

വിശപ്പുകൊണ്ട്

നവജാത ശിശുക്കൾക്ക് വിശപ്പ് മുതിർന്നവരെ അപേക്ഷിച്ച് വളരെ അധികം കൂടുതലാണ്. അതുകൊണ്ടുതന്നെ അവർ രാത്രിയിൽ പാൽ കുടിക്കുന്നതിനായി അഞ്ചോ ആറോ തവണ വരെ എഴുന്നേൽക്കാറുണ്ട്. എന്നാൽ കുഞ്ഞുങ്ങൾ പൂർണമായും ഈ പ്രായത്തിൽ വിശപ്പുമാറ്റാൻ മുലപ്പാൽ മാത്രമാണ് ആശ്രയിക്കുന്നത് എന്നതുകൊണ്ട് ഈയൊരു കാര്യത്തിൽ കൂടുതൽ ചിന്തിക്കുകയോ, പരിഹാര മാർഗ്ഗങ്ങൾ തേടുകയോ ചെയ്യേണ്ടതില്ല.

ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ അസ്വസ്ഥതകളോ ഉണ്ടാകുന്നതുകൊണ്ട്

ഈ പ്രായത്തിൽ കുഞ്ഞുങ്ങൾ തങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കുന്നത് കരച്ചിലിലൂടെയാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ അവർക്ക് എന്തെങ്കിലും അസ്വസ്ഥതകളോ ശാരീരികമായ ബുദ്ധിമുട്ടുകളോ, ഉദാഹരണത്തിന് വയറ് വേദന, ചെവി വേദന ഇത്തരത്തിലുള്ള എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുകയാണെങ്കിൽ അവർ ഉറക്കമുണരുകയും, തുടർന്ന് കരച്ചിൽ ആരംഭിക്കുകയും ചെയ്യും.

രാത്രിയിൽ കുഞ്ഞുങ്ങളെ ഉറക്കാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാമാണ് ?

കുഞ്ഞുങ്ങൾ രാത്രിയിൽ ഇടക്കിടെ ഉണരുകയാണെങ്കിൽ അതിനോടൊപ്പം നിങ്ങളും ഉണരേണ്ടിവരും. ഇതുമൂലം നിങ്ങൾക്ക് കൃത്യമായ ഉറക്കം ലഭിക്കുകയില്ല. അത് തുടർന്നുള്ള പ്രഭാതത്തിൽ ഉറക്കമുണരുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും നിങ്ങളുടെ ആ ദിവസത്തെത്തന്നെ മുഴുവനായി ബാധിക്കുകയും ചെയ്യും. ഇതിൽനിന്ന് രക്ഷനേടാനായി താഴെയുള്ള നിർദ്ദേശങ്ങൾ പരീക്ഷിച്ച് നോക്കാവുന്നതാണ്

വിശപ്പോടെ ഉറക്കാതിരിക്കുക

നിങ്ങളുടെ നവജാത ശിശുക്കൾക്ക്  1 മാസമോ അതിനേക്കാൾ കുറവോ പ്രായമുള്ളപ്പോൾ സാധാരണയായി അവർ ദിവസത്തിലെ 24 മണിക്കൂറിൽ 10 മുതൽ 18 മണിക്കൂർ വരെ ഉറങ്ങാറുണ്ട്. അതുപോലെതന്നെ അവരുടെ ഉറക്കത്തിൻ്റെയും ഉണർന്നിരിക്കുന്നതിൻ്റെയും സമയങ്ങൾ അവരുടെ ആവശ്യങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നു. കൂടാതെ അവരുടെ കുഞ്ഞു വയറുകളിൽ കുടിച്ച് നിറക്കുന്ന അമ്മയുടെ മുലപ്പാൽ പെട്ടെന്നുതന്നെ ദഹിക്കുകയും ചെയ്യും. ഇക്കാരണത്താൽ അവർക്ക് പെട്ടെന്നുതന്നെ വിശക്കുകയും, വിശപ്പുമൂലം ഉറക്കത്തിൽനിന്ന് എഴുന്നേൽക്കുകയും ചെയ്യും. അതുകൊണ്ട് കുഞ്ഞുങ്ങളെ വിശന്നിരിക്കാൻ അനുവദിക്കരുത്.

ഉറക്കത്തിൽനിന്ന് ഉണരുന്ന സമയത്തുതന്നെ അവരെ പാലുകുടിപ്പിച്ച് കിടത്തുകയാണെങ്കിൽ വിശപ്പുമാറി അവർ വീണ്ടും സുഖമായി ഉറങ്ങിക്കൊള്ളും

ഉറക്കുന്നതിന് മുൻപേ മസ്സാജ് ചെയ്യുക

കുഞ്ഞുങ്ങൾക്ക് ദിവസത്തിൽ അഞ്ചോ ആറോ തവണവരെ മസ്സാജ് ചെയ്യാറുണ്ട്. ഇതിലൂടെ അവരുടെ എല്ലുകൾക്കും പേശികൾക്കും ദൃഢത ലഭിക്കുക മാത്രമല്ല മറിച്ച് അവർക്ക് സുഖമമായ നിദ്ര ലഭിക്കുകയും ചെയ്യുന്നു. അതുകൊണ്ട് രാത്രിയിൽ ഉറക്കുന്നതിന് മുന്നേ കുഞ്ഞുങ്ങളെ ഏതെങ്കിലും ഒരു എണ്ണ ഉപയോഗിച്ച് നല്ലതുപോലെ മസ്സാജ് ചെയ്യുക, ഇത് നല്ലതുപോലെ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

നനഞ്ഞ നാപ്പി മാറ്റുക

ഉറക്കത്തിൽ കുഞ്ഞുങ്ങൾ മൂത്രമൊഴിക്കുന്നതുമൂലം നാപ്പി നനയുകയും, നനഞ്ഞ നാപ്പിയിൽ കിടക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ മൂലം കുഞ്ഞു ഉറക്കംവിട്ട് ഉണരുകയും ചെയ്യും. രാത്രിയിൽ കുഞ്ഞുങ്ങൾ ഇടക്കിടെ എഴുന്നേൽക്കുന്നതിന് ഇത് ഒരു പ്രധാന കാരണമാണ്. അതുകൊണ്ട് രാത്രിയിൽ പെട്ടെന്നുതന്നെ നനവുള്ള നാപ്പി മാറ്റുക. ഇത് അവരുടെ ശരീരം ചൂടായിരിക്കുന്നതിനും അതുമൂലം സ്വസ്ഥമായ ഉറക്കം ലഭിക്കുന്നതിനും കാരണമാകുന്നു.

കുഞ്ഞിനെ സ്വന്തം മടിയിൽ കിടത്തുക

കുഞ്ഞുങ്ങൾ രാത്രിയിൽ ഉറക്കത്തിൽനിന്ന് ഉണരുകയോ, ഉറങ്ങാതിരിക്കുകയോ ചെയ്യുന്ന സമയങ്ങളിൽ അവരെ നിങ്ങളുടെ മടിയിൽ കിടത്തുക, താരാട്ട് പാട്ടുകൾ പാടുക, സ്നേഹത്തോടെ ചെറുതായി ആട്ടികൊണ്ടിരിക്കുക. ഇതിലൂടെ കുഞ്ഞിന് നിങ്ങൾ അടുത്തുതന്നെ ഉണ്ടെന്നുള്ള വിശ്വാസം ശക്തമാവുകയും, അവർ സുഖമായി ഉറങ്ങുകയും ചെയ്യും

വൈകുന്നേരങ്ങളിൽ ഉറങ്ങാൻ അനുവദിക്കാതിരിക്കുക

കുഞ്ഞുങ്ങൾ കുറച്ചുകൂടി വലുതാകുന്നു സമയങ്ങളിൽ അവർ വൈകുന്നേരങ്ങളിൽ ഉറങ്ങുന്നില്ല എന്ന് ഉറപ്പുവരുത്തുക, കാരണം സന്ധ്യാ സമയങ്ങളിൽ ഉറങ്ങുന്ന കുഞ്ഞുങ്ങൾക്ക് രാത്രിയിൽ ഉറക്കം വരാനുള്ള സാധ്യത വളരെ കുറവാണ്. മിക്കവാറും എല്ലാ കുട്ടികളും വൈകുന്നേരങ്ങളിൽ ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഈ സമയം അവരെ ഉറങ്ങാൻ അനുവദിച്ചാൽ അത് രാത്രി ഉറക്കത്തെ സാരമായി ബാധിക്കും. അതിനാൽ ഈ സമയങ്ങളിൽ അവരുടെ ശ്രദ്ധ ഉറക്കത്തിൽനിന്ന് മാറ്റാൻ ശ്രദ്ധിക്കുക, ഇതിനായി അവരെയും കൊണ്ട് പുറത്തെല്ലാം ചുറ്റിക്കറങ്ങാവുന്നതാണ്.

ഇതിനെല്ലാം പുറമെ ചില കുഞ്ഞുങ്ങൾക്ക് രാത്രി ഉറക്കം കുറവായിരിക്കും. അവർ രാത്രിയിൽ ഇടക്കിടെ എഴുന്നേറ്റ് ശബ്ദമൊന്നും ഉണ്ടാക്കാതെ അവരുടേതായ കളികളിൽ മുഴുകുന്നതും കാണാം. അവർക്ക് എപ്പോഴാണോ ഉറക്കം വരുന്നത് അപ്പോൾത്തന്നെ അവർ ഉറങ്ങുകയും ചെയ്യും. നിങ്ങളുടെ കുഞ്ഞുങ്ങൾ ഇതുപോലെ എഴുന്നേറ്റ് നിശബ്ദമായി കളിക്കുകയാണെങ്കിൽ അവരെ അവരുടെ കളികളിൽ മുഴുകാൻ അനുവദിക്കുക.

 

Translated by Visakh VS

loader